Vishu- The Festival of Kerala in Malayalam
- J K M Nair
- Apr 3, 2019
- 4 min read
വിഷു
ജയകുമാർ കെ എം നായർ (ജെ കെ എം നായർ)
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
കണി ഒരുക്കാൻ തയ്യാറായിക്കോളു
വിഷു കൈ എത്തും ദൂരത്തുണ്ട്. വിഷു പക്ഷികൾ കൂഹൂ കൂഹൂ കാഹളങ്ങൾ തുടങ്ങി കഴിഞ്ഞു.

കേരളീയരുടെ ഒരു പ്രധാന ദിവസമാണ് വിഷു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിനം. മലയാള മാസമായ മേടം ഒന്നാം തിയതി (ഏപ്രിൽ മാസപകുതിയിൽ 14-15ൽ ) മലയാളികൾ വിഷു ആഘോഷിക്കുന്നു. മലയാള കലണ്ടറിലെ ആദ്യ മാസമാണ് മേടം. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി.
ഏകദേശം 844 ക്രിസ്തുവർഷത്തിൽ കേരളദേശം ഭരിച്ചിരുന്ന സ്ഥനു രവി എന്ന രാജാവിന്റെ കാലത്തായിരുന്നു ആദ്യം വിഷു ആഘോഷിച്ചതേ എന്ന് പറയപ്പെടുന്നു. അതായത് 1175 വര്ഷം മുമ്പ് /5 .
മലയാളത്തിലെ ഗണിതശാസ്ത്രം “ശങ്കരനാരായണീയം” എഴുതിയതും ഈ കാലത്തായിരുന്നു എന്ന് കരുതുന്നു. ഇതിന്റെ വാസ്തവീകതക്കായി കുറെ തിരഞ്ഞു. പക്ഷെ കിട്ടിയിട്ടില്ല. ഇത് വായിക്കുന്നവർക്ക് എന്തെങ്കിലും അറിവ് ഉണ്ടെങ്കിൽ അയച്ചു തരിക.
വിഷു എന്നാൽ തുല്യം എന്നർത്ഥം. പകലും രാത്രിയും ഈ ദിവസം തുല്യമായിരിക്കും. മലയാളം കലണ്ടറിൽ അങ്ങിനെ തുല്യത വരുന്ന രണ്ടു ദിവസങ്ങൾ മേടം ഒന്നും തുലാം ഒന്നും ആണ്. സംക്രമം നടന്നു കഴിച്ചാൽ പിറ്റേന്ന് വിഷു. ആ ദിവസം സൂര്യൻ കൃത്യമായി കിഴക്ക് ഉദിക്കുന്നതായി കാണാം. ഇവിടെ ഉത്തരായണവും ഇല്ല, ദക്ഷിണായനവും ഇല്ല.
ഒരു പുതുവർഷ പുലരിയാണ് വിഷു ആഘോഷം. വസന്തകാലം വരുന്നു എന്ന് അറിയിപ്പിക്കുന്ന പോലെ പൊന്നണിഞ്ഞ കൊന്ന മരങ്ങൾ പൂക്കളുമായി നിറഞ്ഞു നിൽക്കുന്നത് കാണാം. വിഷുകണി പ്രകൃതിയുടെയും പുരുഷന്റെയും ഒരുമിക്കുന്നതിന്റെ പ്രതീകമാണ്. ദേവസങ്കല്പങ്ങളും മനുഷ്യരായ നമ്മളും പ്രകൃതിയോട് അലിഞ്ഞു ചേരുന്ന നിമിഷം.
വിഷു ആഘോഷങ്ങളിൽ മുന്നിലാണ് വിഷുക്കണി. കണി വെക്കാൻ വേണ്ടത്,
ഒരു ഉരുളി, അല്ലെങ്കിൽ നല്ല ഒരു ട്രേ.
നാണയത്തുട്ടുകൾ, നോട്ടുകൾ
നാളികേരം രണ്ടായി പൊട്ടിച്ചത്
5 തിരിയിട്ടു കത്തിച്ച വിളക്ക് (മൂന്നു, അഞ്ചു, ഏഴു എന്നിങ്ങനെ തിരിയിടാം.)
ധാന്യം, കുറച്ചു അരിയും നെല്ലും
പഴവർഗ്ഗങ്ങൾ. കദളി പഴം, അല്ലെങ്കിൽ പൂവൻ പഴം, മാങ്ങ എന്നിവ
വരിക്കചക്ക രണ്ടാക്കി മുറിച്ചത് ,
കൃഷ്ണൻ വിഗ്രഹം, അല്ലെങ്കിൽ പടം
കസവ് വേഷ്ടി ഞൊറിഞ്ഞത്
പുതിയ കസവു മുണ്ട്/ സാരി
നല്ല നിറമുള്ള കണി വെള്ളരിക്ക
ഏറ്റവും പ്രധാനമായി കൊന്നപ്പൂവ്
വെറ്റില അടക്ക
നല്ല ഒരു കണ്ണാടി,
പണ്ടുള്ളവർ ആറന്മുള കണ്ണാടി ഉപയോഗിച്ചിരുന്നു. ഇപ്പോളും കിട്ടുകയാണെങ്കിൽ ആറന്മുള കണ്ണാടി ഉപയോഗിക്കാം.
സ്വന്തം തോട്ടത്തിൽ വിളഞ്ഞ വിഭവങ്ങൾ ഉണ്ടെങ്കിൽ അവ വെക്കുന്നത് സമൃദ്ധിയുടെ ലക്ഷണമായി പറയുന്നു.
ചില ഇടങ്ങളിൽ തുണിയിൽ ഉണ്ടാക്കിയ കിഴിതിരി രണ്ടു നാളികേരമുറികൾ മലത്തി വെച്ചുകൊണ്ട് അതിൽ വെച്ച് കത്തിക്കുന്ന സംബ്രദായവുമുണ്ട്.
വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണിത്./5 . അതാവാം കൃഷ്ണനെയും വിഷുകണിക്കു വക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാ അസുരന്മാരെയും ഇല്ലാതാക്കട്ടെ എന്ന പ്രതീകം. മഹാവിഷ്ണുവിന്റെ പടവും ചിലപ്പോൾ ഗണപതിയുടെ പടവും അടുത്ത് വക്കുന്നവരും ഉണ്ട്. മഹാവിഷ്ണു ആണല്ലോ ഈ ലോകത്തെ പരിപാലിച്ചു കൊണ്ട് വരുന്നത്. അതുപോലെ വിഷ്ണുവാണ് കാലപുരുഷന്റെ ദേവൻ/ 6. അതിനാൽ ഈ പുതുവത്സര പിറവിയിൽ അവരുടെ എല്ലാം ആശിർവാദത്തോടെ തുടക്കം കുറിക്കുന്നു. രാവണവധത്തിന്നു ശേഷം സൂര്യൻ ശരിക്കും കിഴക്കു ഉദിച്ചതും വിഷു നാളിലായിരുന്നു എന്നും ഐതിഹ്യങ്ങളിൽ പറയുന്നു.
നല്ല ഭംഗിയോടെ ഇതെല്ലാം അലങ്കരിച്ചു വെക്കണം. ഉരുളിയിൽ അല്പം അരി നിരത്തിയ ശേഷം വെള്ളരിക്ക വക്കുക. അതിന്നു പിന്നിൽ കണ്ണാടി വക്കണം. രാവിലെ കണി കാണുമ്പോൾ നമ്മുടെ മുഖം കാണണം എന്ന ഉദ്ദേശത്തോടെയാണ് കണ്ണാടി വക്കുന്നത്. വെള്ളരിക്കയുടെ മുകളിൽ സ്വർണാഭരണങ്ങൾ ചാർത്തി മോടിപിടിപ്പിക്കാം. പല തരത്തിൽ അലങ്കാരം ചെയ്യാം. താഴെ ചില ചിത്രങ്ങൾ നോക്കുക. കൺമഷി, പൊട്ട്, അഷ്ടമംഗല്യം എന്നിവയും ഔചിത്യപൂർവം കണിയിൽ വെക്കാം. സമ്പത്തിന്റെയും സമൃദ്ധിയുടെയും ചിഹ്നം അവിടെ തെളിഞ്ഞു കാണണം.
ഒരു മിനുക്കിയ കിണ്ടിയിൽ, അല്ലെങ്കിൽ വെള്ളരിക്ക വെച്ചതിന്റെ പിന്നിൽ കസവു വേഷ്ടി ഞൊറിഞ്ഞു കെട്ടിവെച്ചത് വെക്കാം. മഞ്ഞ കൊന്നപ്പൂവ് കൊണ്ട് അലങ്കരിക്കുക. കൊന്നപ്പൂവ് മഹാലക്ഷ്മിയുടെ പ്രതീകമാണ്.
അപ്പവും, അടയും വേണമെങ്കിൽ ശുദ്ധമായി ഉണ്ടാക്കി വെക്കാം.
വീട്ടിലെ മുതിർന്ന സ്ത്രീയാണ് കണി ഒരുക്കുക. രാത്രി തന്നെ കണി തയ്യാറായിരിക്കണം. പൂജ മുറിയിലോ അല്ലെങ്കിൽ ശുദ്ധമായ, ശുദ്ധമാക്കിയ ഒരു സ്ഥലത്തോ വേണം കണി വെക്കാൻ. കിഴക്കോട്ടു തിരിഞ്ഞാണ് സാധാരണ കണി ഒരുക്കുക. അല്ലെങ്കിൽ പൂജ മുറി എങ്ങോട്ടു മുഖമായിട്ടാണോ ആ ദിശയിൽ വെക്കാം. ഇരുന്നു കണികാണാൻ സൗകര്യപെടും വിധം ഒരു ഇരുപ്പു പലക അല്ലെങ്കിൽ പായ കരുതാം.
കാലത്തു വീട്ടിലെ മുതിർന്ന കാരണവർ ആണ് ആദ്യം ഉണർന്നു, വിളക്കുകൾ കൊളുത്തി സ്വയം കണി കാണുക. ചില സ്ഥലങ്ങളിൽ മുതിർന്ന തറവാട്ടമ്മ ആവും ആദ്യം കണി വിളക്ക് കത്തിച്ചു കണി കാണുക. നിങ്ങളുടെ പൂജ മുറിയിലെ ദീപവും തെളിയിക്കണം. അതിന്നു ശേഷം മറ്റുള്ളവർ ഓരോന്ന് ഓരോന്നായി വന്നു കണി കാണാം. കണ്ണടച്ച് കൊണ്ടായിരിക്കണം കണി കാണാൻ വരുന്നത്. കണികാഴ്ചയുടെ മുന്നിൽ വന്ന ശേഷം മാത്രമേ കണ്ണ് തുറക്കുവാൻ പാടുള്ളു. കണ്ണ് തുറക്കാൻ വിഷമം തോന്നിയാൽ കൈ നനച്ചു കണ്ണ് തലോടിയാൽ മതി. ആദ്യം കണി കണ്ടവർ മറ്റുള്ളവരെ കൈ പിടിച്ചു കൊണ്ട് വരാം, കണ്ണ് നനച്ചു കൊടുക്കയും ആവാം.
വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം സ്വർണ മുത്തുകൾ പോലെ നിറയെ കൊന്നപ്പൂക്കളും വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച എല്ലാവര്ക്കും നന്മ നിറഞ്ഞ ദിനങ്ങൾ നൽകട്ടെ.
കണികാണും നേരം കമല നേത്രൻറെ
നിറമേറും മഞ്ഞ തുകിൽ ചാർത്തി
കനക കിങ്ങിണി വളകൾ മോതിരം
അണിഞ്ഞു കാണേണം ഭഗവാനേ

ഇനി ചില നല്ല കാര്യങ്ങൾ ഓർമിപ്പിക്കട്ടെ .
കിണ്ടിയും ഉരുളിയും നല്ല വണ്ണം തേച്ചു മിനുക്കണം
പുതിയ വസ്ത്രങ്ങൾ ആവണം കണിവെച്ചിരിക്കുന്നതു.
ബ്രാഹ്മ മുഹൂര്‍ത്തത്തിലാണ് കണികാണാന്‍.
ഉദയത്തിനു മുന്‍പ് വിഷുക്കണി കാണണം.
കണി കണ്ട ശേഷം കിടന്നുറങ്ങരുത്.
കുളി കഴിഞ്ഞു അമ്പല ദർശനം ചെയ്യാം.
വീട്ടിൽ എല്ലാവരും കണി കണ്ട ശേഷം കണിയുടെ എടുക്കാവുന്ന ഭാഗം (ഉരുളിയും നിലവിളക്കും കൊന്ന പൂവും മറ്റും) എടുത്തു വീടിന്റെ മുന്ഭാഗത്തേക്കും, കിഴക്കു ഭാഗത്തേക്കും കൊണ്ടു കാണിക്കണം. അതിന്നു ശേഷം പശുത്തൊഴുത്തിലും സസ്യ ജാലങ്ങൾക്കും കണി കാണിക്കണം. എന്നിട്ടു അതെല്ലാം തിരിച്ചു വെക്കാം.
കാലത്തു എല്ലാവരും കുളി കഴിഞ്ഞു വന്നാൽ മൂത്ത കാരണവർ എല്ലാവര്ക്കും വിഷു കൈനീട്ടം കൊടുക്കുന്നു. മുതിർന്നവർ ഇളയവർക്ക് മാത്രമേ കൈനീട്ടം കൊടുക്കാറുള്ളു. ഇളയവർ വിഷു കൈനീട്ടം തന്നവരെ കുമ്പിട്ടു തൊഴുത ശേഷം, കൈനീട്ടം അവനവൻറെ രണ്ടു കണ്ണുകളിൽ സ്പർശിച്ചു തിരിച്ചു പോകാം. കൈനീട്ടം കൊടുക്കുമ്പോൾ സാധാരണയായി നാണയങ്ങൾ ആണ് പതിവ്. അല്ലെങ്കിൽ നോട്ടും ഒരു നാണയവും. കുറച്ചു കൊന്നപ്പൂവും കൈനീട്ടത്തിൽ കൂട്ടും.
ഒരു നല്ല വിഷുക്കണി കണ്ട് കൈനീട്ടം വാങ്ങിയാൽ ആ കൊല്ലം മുഴുവനും ധന ധാന്യ ഐശ്വര്യത്തോടെ സന്തോഷമായി ഇരിക്കും എന്നാണ് വിശ്വാസം.
പടക്കം പൊട്ടിക്കാൻ മറക്കല്ലേ. സുരക്ഷ നോക്കി വേണം പൊട്ടിക്കാൻ എന്ന് മാത്രം. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും അമിട്ടുകളും മുറ്റത്തു പൊട്ടിവിടരുമ്പോൾ കുട്ടികളുടെ ആഹ്ലാദവും പൊട്ടിച്ചിരിയായും കോലാഹലങ്ങളായും പൊട്ടി വിടരും. മുതിർന്നവർക്കും കുട്ടിയായി തുള്ളി ചാടാൻ ഒരു അവസരം.
ചില പ്രദേശങ്ങളിൽ നാട്ടുകാരിൽ ചിലരും, കുട്ടികളും വേഷം കെട്ടി “വിഷു കണിയേ”, “വിഷു കണിയേ” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് കോലാഹലത്തോടെ വീടുകൾ സന്ദർശിക്കുകയും വിഷു കൈനീട്ടവും കണിയപ്പവും വാങ്ങുകയും ചെയ്യാറുണ്ട്. മീശ മാധവനിൽ ജഗതിയുടെ കണികാണൽ ഓർക്കുന്നുണ്ടല്ലോ. കൂട്ടത്തിൽ ഹരിശ്രീ അശോകന്റെ കൃഷ്‌ണനും.
മലബാർ ഭാഗത്തു പ്രാതലിനായി ശർക്കരയും അരിയും നാളികേരം ചിരകിയിട്ടതുമായ വിഷു കഞ്ഞി പ്രസിദ്ധമാണ്.
കണി കാണലും പറ്റിയാൽ സദ്യക്കുള്ള കഷ്ണം നുറുക്കലും കഴിഞ്ഞാൽ കുടുംബത്തെ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും. തിരിച്ചെത്തിയാല്‍ എല്ലാവരും കൂടി പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി. എല്ലാവരും ഒരുമിച്ചു ഇരുന്നു സദ്യ കഴിക്കണം.
പണ്ടൊക്കെ പേരുകേട്ട തറവാടുകളിൽ കാലത്തു തന്നെ കണിയാരെ വരുത്തി വിഷുഫലം പറയുന്ന പതിവുണ്ടായിരുന്നു. ഇന്ന് അത് വളരെ കുറഞ്ഞിരിക്കുന്നു. അടുത്ത ഒരു വർഷത്തെ കൃഷിയെ പറ്റിയും കുടുംബത്തെ പറ്റിയും വരവ് ചിലവുകൾ പറ്റിയും ഒക്കെ ഫലം പറയും. ദോഷങ്ങൾ കണ്ടാൽ, ദോഷനിവാരണ മാർഗങ്ങൾ കൂടി നിര്‍ദ്ദേശിക്കുന്നു. കൃഷി ഇറക്കുന്നവർക്കായി കണ്ടം പൂട്ടുന്നതിനും, വിതക്കുന്നതിനും ഉള്ള നല്ലദിവസം എന്നാണ് എന്നും പറഞ്ഞു കൊടുക്കാറുണ്ട്. പണിക്കർക്ക് ഇതിനായി കൊടുക്കുന്ന ദക്ഷിണയെ 'യാവന' എന്ന് പറയുന്നു / 8
വിഷുനാൾ കൃഷി ഇറക്കണം എന്നാണ് പതിവ്. കൈക്കോട്ടും തൂമ്പയും കലപ്പയും തലേ ദിവസം തന്നെ കഴുകി വൃത്തിയാക്കി വച്ചിരിക്കും. അതിൽ അരിമാവ് കൊണ്ട് അണിഞ്ഞു, ചന്ദനം തൊടിയിച്ച ശേഷം വിഷുച്ചാല്‍ കീറുക എന്ന ചടങ്ങിന്നായി പുരുഷന്മാരും പണിക്കാരും പാടത്തേക്കു ഇറങ്ങുകയായി. നേദിച്ച അപ്പവും അടയും ഇലയിൽ കരുതിയിട്ടുണ്ടാവും. അവിടെ നെല്ലും പറയും പൂവും ചന്ദനവും ചന്ദനതിരിയും വിളക്കും കത്തിച്ചു, കാരണവർ പൂജ ചെയ്യുന്നു. പണിക്കാർ ആർപ്പു വിളിച്ച ശേഷം പാടം കിളക്കുകയോ ഓരു കുഴിയോ ചാലോ കീറി, ആ ചാലുകളിൽ വിത്തിട്ട ശേഷം ചാണകവും പച്ചിലയും മറ്റും ഇട്ട് മണ്ണിടുന്നു. എന്നിട്ടു വെള്ളം തളിച്ച് നനക്കുകയും ചെയ്യും.

കൃഷി സ്ഥലത്തു പടക്കം പൊട്ടിച്ച ശേഷം എല്ലാവരും പിരിഞ്ഞു പോകും. മറ്റു പണിക്കാർ ബാക്കി വിത്തിടലും മറ്റും തുടരാം.
ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. സമൃദ്ധിയുടെ ആഘോഷങ്ങളായി മറ്റു ചിലതു കൂടിയുണ്ട്. പഞ്ചാബിൽ ബൈശാഖി, മഹാരാഷ്ട്രയിൽ ഗുഡിപടവാ, തമിൾ നാട്ടിലെ പുത്താണ്ട് , ബംഗാളിലെ പൊയ്‌ഗാബൈശാഖി, ആസാമിലെ റോഗാലിയും ബിഷുവും, തെലുങ്കാനയിലും കർണാടകയിൽ ഉഗാദി എന്നിവ ഒക്കെ പുതുവർഷമായി കൊണ്ടാടുന്നു. ഒറീസയിൽ വിശ്വസംക്രാന്തി, കാശ്മീരിൽ നവരേ എന്നിവയും കൃഷി സംബദ്ധപ്പെട്ട പുതുവത്സര ആഘോഷങ്ങളാണ്.
വിഷു ആശംസകളോടെ
വീണ്ടും കാണാം / ജെ കെ എം നായർ
എന്റെ വിഷു ആശംസകൾ
അറിയാത്തവർക്കായി സാധനങ്ങളുടെ ചില ചിത്രങ്ങൾ താഴെ ചേർത്തിരിക്കുന്നു.

Ref with thanks to :
http://aranmulakannadi.org/how-to-prepare-vishu-kani-vishukkani
https://en.wikipedia.org/wiki/Vishu
http://www.vishufestival.org/
Other internet sources, discussions with elders
https://www.indiatoday.in/fyi/story/vishu-2017-april-14-kerala
https://www.amritapuri.org/3598/vishu.aum
https://www.indiavideo.org/text/vishu-history-1501.php
https://ml.wikipedia.org/wiki
https://jkmnair.wordpress.com
http://trgsolutionsintern.wixsite.com/jkmnair
Wmu.academia.edu/JkmNair
Facebook/jkmnair.associates
Facebook post by Mr Venugopal.